പയ്യന്നൂര്‍: ജീവിച്ചിരിക്കുന്ന സ്ത്രീമരിച്ചതായി കാണിച്ച് വോട്ടു തള്ളിക്കാനായി പരാതി നല്‍കിയത് അന്വേഷണത്തിൽ വിവാദമായി. പയ്യന്നൂര്‍ നഗരസഭയിലെ പുതിയ മൂന്നാം വാര്‍ഡിൽപ്പെടുന്ന വെള്ളൂർ തെരുവിലെ എം.ടി.ലക്ഷ്മിയുടെ വോട്ട് തള്ളിക്കാനായി പരാതി നല്‍കിയതാണ് ഇതിനകം പ്രദേശത്ത് വിവാദമായത്.
മൂന്നാം വാര്‍ഡിലെ 37 ക്രമനമ്പറായി ചേര്‍ത്തിരുന്ന ലക്ഷ്മി മരണപ്പെട്ടതിനാല്‍ വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യണമെന്നായിരുന്നു പരാതി നല്‍കിയത്. ഈ പരാതി അന്വേഷിക്കാന്‍ നഗരസഭ അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴാണ് ലക്ഷ്മി ജീവിച്ചിരിക്കുന്നതായി ബോധ്യപ്പെട്ടത്. അടിസ്ഥാന രഹിതമായ പരാതിനല്‍കിയ വ്യക്തി ആരെന്ന് പറയണമെന്ന പരിസരവാസികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാവാണ് പരാതിക്കാരനെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് അനുഭാവിയെന്ന് പറയപ്പെടുന്ന വോട്ടറുടെ വോട്ട് തള്ളിക്കാനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടല്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.അതേസമയം പ്രദേശത്തെ മറ്റൊരുലക്ഷ്മി മരണപ്പെട്ടിരുന്നതായും പേരിലുണ്ടായ ആശയക്കുഴപ്പമാണ് നേതാവിന് അമളിപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരം.