കണ്ണൂർ പിടയ്ക്കുന്ന മത്തിയുമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ ആയിക്കരയിൽനിന്നു കടലിൽപോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയത് ഒഴിഞ്ഞ വള്ളങ്ങളുമായി. വടകര ചോമ്പാൽ കടപ്പുറത്തുണ്ടായ മത്തിച്ചാകരയിൽ പ്രതീക്ഷയർപ്പിച്ചാണ് നൂറുകണക്കിനു വള്ളങ്ങൾ കടലിലിറങ്ങിയത്. വിരലിലെണ്ണാവുന്ന വള്ളങ്ങൾക്കു മാത്രമേ മീൻ കിട്ടിയുള്ളൂ. കുട്ടയിലായ മത്തിക്കു നല്ല വിലയും ലഭിച്ചു. 15 കിലോഗ്രാം മത്തിയുള്ള കുട്ട 5,500 രൂപയ്ക്കാണു ലേലത്തിൽ വിറ്റത്. എങ്കിലും മത്തി വാങ്ങാൻ ആയിക്കരയിൽ വൻതിരക്കായിരുന്നു.അയല 4500, കിളിമീൻ 5000 എന്നിങ്ങനെയായിരുന്നു ലേല വില.
കടലിലെ വെള്ളംവലിവും കാറ്റുമാണു മത്സ്യത്തൊഴിലാളികൾക്കു തിരിച്ചടിയായത്. വല ചുരുണ്ടുപോകുന്നതിനാൽ മീൻ കുടുങ്ങില്ല. ഇതോടെ വള്ളങ്ങളെല്ലാം തിരിച്ചുപോരുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. ഈ ആഴ്ച്‌ച തുടക്കം മുതൽ മത്തിയും അയലയും നന്നായി ലഭിച്ചിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ പരമ്പരാഗത ബോട്ടുകൾക്കു മാത്രമേ കടലിൽപോകാൻ അനുമതിയുള്ളൂ.