ഉളിക്കൽ: പരിക്കളം ശാരദവിലാസം എയുപി സ്‌കൂൾ പരിസരത്ത് ഇരട്ട അപകട ഭീഷണിയായി ട്രാൻസ്ഫോമറും ഹൈടെൻഷൻ വൈദ്യുത ലൈനും. സ്‌കൂളിനോട് ചേർന്നുള്ള പരിക്കളം-മാങ്കുഴി റോഡിലാണ് കാടുപിടിച്ചും സ്‌കൂളിലേക്ക് ചരിഞ്ഞും ട്രാൻസ്ഫോമർ സ്‌ഥിതി ചെയ്യുന്നത്. ഒറ്റക്കമ്പികൊണ്ട് തീർത്ത വേലിയാണ് കുട്ടികൾ ട്രാൻസ്ഫോമർ എത്തിപ്പിടിക്കാതിരിക്കുന്നതിനുള്ള ഏക സുരക്ഷ.
ഇതേ റോഡിൽ ഹൈടെൻഷൻ വൈദ്യുതലൈൻ സ്‌കൂൾ മുറ്റത്തേക്ക് മറിഞ്ഞ് വീഴാൻ പാകത്തിൽ ചെരിഞ്ഞുനിൽക്കുകയാണ്.
രണ്ടുവർഷമായി സ്‌കൂൾ അധികൃതർ വൈദ്യുതി വകുപ്പിന് ട്രാൻസ്ഫോമറും ഹൈ ടെൻഷൻ വൈദ്യുത ലൈനും മാറ്റി സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാൻ തുടങ്ങിയിട്ട്. ട്രാൻസ്ഫോമർ മാറ്റിസ്‌ഥാപിക്കുന്നതിനുള്ള സ്‌ഥലം സ്‌കൂൾ അധികൃതർ വാഗ്ദാനം ചെയ്തെങ്കിലും നടപടി ഉണ്ടായില്ല. നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഇതേ ആവശ്യം ഉന്നയിച്ച് വൈദ്യുത മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കും പരാതി നൽകി കാത്തിരിക്കുകയാണ് സ്‌കൂൾ അധികൃതർ.