തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തുറന്നെണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചതായുള്ള പരാതികളുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനായ ദേവസ്വം ക്ലർക്കിനെ സസ്പെന്റ് ചെയ്തു.
ജൂലായ്-25 ന് ഭണ്ഡാരം എണ്ണുന്ന സമയത്താണ് പണം മോഷ്‌ടിച്ചത്.
ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരൻ നല്‌ഡകിയ പരാതിയെ തുടർന്ന് സി.സി ടി വി പരിശോധനയിൽ കുറ്റാരോപിതനാക്കപ്പെട്ട തൃച്ചംബരം ക്ഷേത്രം എൽ ഡി ക്ലാർക്ക് ചെറിയൂരിലെ മുല്ലപ്പള്ളി നാരായണൻ പണം അപഹരിക്കുന്ന ദൃശ്യം കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.
ഭണ്ഡാരമെണ്ണുന്നതിന് സഹായിക്കാൻ എത്തിയ രണ്ട് ഭക്തർ ദേവസ്വം അധികൃതർക്ക് സൂചന നൽകിയതിനെ തുടർന്നാണ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചത്.
ആരോപണം ശരിവെക്കുന്ന തെളിവുകൾ ലഭ്യമായതിനെ തുടർന്നാണ് ക്ഷേത്ര ജീവനക്കാരനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്ത് മാറ്റി നിർത്താൻ ടി ടി കെ ദേവസ്വം അധികൃതർ നടപടി സ്വീകരിച്ചിട്ടുളളത്.
മോഷ്‌ടാവായ ക്ഷേത്ര ജീവനക്കാരനെതിരെ കർശന ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ബന്ധപ്പെട്ടവർക്ക് ലഭിച്ചിരുന്നത്.
മുമ്പ് വ്യാജ സർവ്വീസ് ബുക്ക് ഉണ്ടാക്കിയതിൻ്റെ പേരിൽ മലബാർ ദേവസ്വം കമ്മീഷണർ ഇപ്പോൾ സസ്പെൻഷനിലായ നാരായണനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ടി.കെ ദേവസ്വത്തിന് ഉത്തരവ് നൽകിയിരുന്നെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് ശിക്ഷണനടപടികൾ മരവിപ്പിക്കുകയാണ് ഉണ്ടായത്.
ഭണ്ഡാര മോഷണത്തിൻ്റെ പേരിൽ ഇപ്പോൾ സസ്പെൻഷനിലായ മുല്ലപ്പള്ളി നാരായണൻ നിലവിൽ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) തളിപ്പറമ്പ ഏരിയാ പ്രസിഡന്റാണ്.