പയ്യന്നൂർ :ഒരു വർഷം മുൻപ് 5ലക്ഷം രൂപ ചെലവിൽ നഗരസഭനവീകരിച്ച ബിആർസി കെട്ടിടത്തിന്റെ സീലിങ്ങും മേൽക്കൂരയും തകർന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കെട്ടിടത്തിന് മുകളിലുള്ള ഹാളിന്റെ ആസ്ബസ്‌റ്റോസ് ഷീറ്റ് ഇളകി പോവുകയും സീലിങ് പൂർണമായും നിലംപൊത്തുകയുമാണ് ഉണ്ടായത്. കെട്ടിടത്തിന് മുകളിൽ ആസ്ബസ്‌റ്റോസ് ഷീറ്റിട്ട് ഹാൾ നിർമിച്ചതായിരുന്നു.
സ്കൗട്‌സ് വിഭാഗം ഉപയോഗിച്ചിരുന്ന ഹാളിൽനിന്ന് അവരെ ഒഴിവാക്കി അധ്യാപക കോഴ്‌സിനും മറ്റും ഉപയോഗിക്കാനായി ഹാൾ നവീകരിക്കാൻ നഗരസഭ 5 ലക്ഷം രൂപ അനുവദിച്ചു. നിലത്തു ടൈൽസ് പാകിയും മുകളിൽ സീലിങ് ഒരുക്കിയും ഒരു വർഷം മുൻപാണ് ഉദ്ഘാടനം ചെയ്‌തത്.ഇതിന്റെ ആസ്ബസ്‌റ്റോസ് ഷീറ്റ് ഇളകിയ വിവരം ബന്ധപ്പെട്ടവർ നഗരസഭയെ അറിയിച്ചിരുന്നു. അവർ പരിശോധന നടത്തി ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് മടങ്ങിപ്പോയി മൂന്നാം ദിവസമാണ് ആസ്ബസ്റ്റോസ് ഷീറ്റ് ഇളകി പോവുകയും സീലിങ് പൂർണമായും നിലം പതിക്കുകയും ചെയ്ത്. ഇന്ന് അധ്യാപക പരിശീലനം നടത്തേണ്ട ഹാളായിരുന്നു ഇത്.