ആലക്കോട്: രാഷ്ട്രീയ അക്രമത്തിനിടെ ബോംബേറിൽ കാൽനഷ്ടമായ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് ഡോ.അസ്ന ജൂലൈ 5നു വിവാഹിതയായി. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി.കെ.നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാർജയിൽ എൻജിനീയറുമായ നിഖിലാണ് അസ്നയെ വിവാഹം ചെയ്തത്.
തദ്ദേശ തിരഞ്ഞെടുപ്പിനിടെ 2000 സെപ്റ്റംബർ 27നു ബോംബേറിലാണ് 6 വയസ്സുകാരി അസ്നയ്ക്കു കാൽ നഷ്ടമായത് നാടിനെ ഞെട്ടിച്ച വാർത്തയായിരുന്നു.പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽപി സ്കൂൾ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരുക്കേറ്റു.
അസ്നയുടെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. എല്ലാ പ്രയാസങ്ങളും മറികടന്നു പഠനത്തിൽ മികച്ച വിജയം നേടിയ അസ്ന 2013 ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ്എസിനു ചേർന്നു ഡോക്ടറായി. ക്ലാസ് മുറിയിലേക്കു പടി കയറാൻ ബുദ്ധിമുട്ടിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ ലിഫ്റ്റ് നിർമിച്ചു നൽകി. ഇപ്പോൾ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്യുന്നു. അസ്ന ഡോക്ടറായതിൽ സന്തോഷിച്ച നാട് വിവാഹവും ആഘോഷമാക്കി.