കണ്ണൂർ: ജില്ലാ ആശുപത്രിയുടെ പഴയ ബ്ലോക്കിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിന്നൽ സമരം. ഒ.പി ടിക്കറ്റ് കൗണ്ടറും ഒപി വിഭാഗവും പ്രവർത്തിക്കുന്ന കെട്ടിടമാണ് കാലപ്പഴക്കം കാരണം പൊളിഞ്ഞ് വീഴാറായ അവസ്ഥയിലുള്ളത്.
കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ്റെ നേതൃത്വത്തിൽ സമരവുമായി ഇന്ന് എത്തിയത്. ആശുപത്രിയുടെ അകത്ത് പ്രവേശിച്ച പ്രവർത്തകർ സൂപ്രണ്ടിൻ്റെ ഓഫീസ് റൂമിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഈ സമയം സൂപ്രണ്ട് ഓഫീസിൽ ഉണ്ടായിരുന്നില്ല.
പ്രതിഷേധമറിഞ്ഞ് ആശുപത്രിയിലെത്തിയ കണ്ണൂർ സിറ്റി പോലീസുമായി പ്രവർത്തകർ വാക്കേറ്റത്തിൽ ഏർപ്പെട്ടു.
പ്രതിഷേധിക്കാൻ വന്നതായിരുന്നില്ലെന്നും വിഷയം ധരിപ്പിക്കാൻ എത്തിയപ്പോൾ ഡി.എം.ഒയോ സൂപ്രണ്ടോ ഇല്ലായിരുന്നുവെന്നും ഇതേ തുടർന്നാണ് കുത്തിയിരുപ്പ് സമരം നടത്തിയതെന്നും വിജിൽ മോഹനൻ പറഞ്ഞു.