ഇരുപത്തിയേഴുനാള്‍ നീണ്ടുനിന്ന കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിച്ചു. ഇന്നലെ രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകര്‍ന്നതോടെ തൃക്കലശാട്ട് ചടങ്ങുകള്‍ക്ക് ആരംഭമായി.ഇതിനുമുന്‍പ് ശ്രീകോവില്‍ പിഴുത് തിരുവന്‍ചിറയില്‍ നിക്ഷേപിച്ചു. കലശമണ്ഡപത്തില്‍ നിന്ന് മണിത്തറയിലേക്ക് തിരുവന്‍ചിറ മുറിച്ചുള്ള പാത ഓടകള്‍ കൊണ്ട് പ്രത്യേകമായി വേര്‍തിരിച്ചു. തുടര്‍ന്ന് പ്രധാന തന്ത്രിമാര്‍ സ്വര്‍ണം, വെള്ളി കുംഭങ്ങളില്‍ പൂജിച്ച് വെച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് സ്ഥാനികരോടപ്പം മണിത്തറയില്‍ പ്രവേശിച്ച് എല്ലാ ബ്രാഹ്മണരുടെയും അടിയന്തര യോഗക്കാരുടെയും സാന്നിധ്യത്തില്‍ കളഭം സ്വയംഭൂവില്‍ അഭിഷേകം ചെയ്തു.
അഭിഷേക ശേഷം മുഴുവന്‍ ബ്രാഹ്മണരും ചേര്‍ന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂര്‍ണ പുഷ്പാഞ്ജലിയും സ്വയംഭൂവില്‍ സമര്‍പ്പിച്ചു. പുഷ്പാഞ്ജലി കഴിഞ്ഞ് തീര്‍ത്ഥവും പ്രസാദവും ഭക്തര്‍ക്ക് നല്‍കുന്നതോടപ്പം ആടിയ കളഭവും നല്‍കി. തുടര്‍ന്ന് കുടിപതികള്‍ തിടപ്പള്ളിയില്‍ കയറി നിവേദ്യചേറും കടുംപായസവും അടങ്ങുന്ന മുളക്, ഉപ്പ് എന്നിവ മാത്രം ചേര്‍ത്ത് കഴിക്കുന്ന തണ്ടുമ്മല്‍ ഊണ് എന്ന ചടങ്ങ് നടത്തി.
തുടര്‍ന്ന് മുതിരേരിക്കാവിലേക്ക് ആദിപരാശക്തിയുടെ വാള്‍ തിരിച്ചെഴുള്ളിച്ചു. അമ്മാറക്കല്‍ തറയില്‍ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി. ഭണ്ഡാരം ഇക്കരെക്ക് തിരിച്ചെഴുന്നള്ളിച്ചശേഷം സന്നിധാനത്ത് നിന്ന് എല്ലാവരെയും തിരിച്ചയച്ചതിനുശേഷം പ്രധാനതന്ത്രിയുടെ നേതൃത്വത്തില്‍ യാത്രബലി നടത്തി. ഓച്ചറും പന്തക്കിടാവും തന്ത്രിയെ അനുഗമിച്ചു. പാമ്ബറപ്പാന്‍ തോട് വരെ നിശ്ചിത സ്ഥാനങ്ങളില്‍ ഹവിസ് തൂവി കര്‍മ്മങ്ങള്‍ നടത്തിയശേഷം തട്ട് പന്തക്കിടാവിന് കൈമാറി തിരിഞ്ഞു നോക്കാതെ തന്ത്രി കൊട്ടിയൂരില്‍ നിന്ന് പടിഞ്ഞാറേക്ക് നടുന്ന പോയതോടെയാണ് വൈശാഖോത്സവത്തിന് സമാധാനമായത്.
ഇതോടെ ബലിബിംബങ്ങള്‍ ഇക്കരെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച് ഇക്കരെ ക്ഷേത്രത്തിലെ നിത്യപൂജകള്‍ക്ക് തുടക്കമായി. ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ശനിയാഴ്ച വറ്റടി എന്ന ചടങ്ങു് അക്കരെ സന്നിധിയില്‍ നടക്കും. ജന്മശാന്തി പടിഞ്ഞീറ്റയും ഉഷകാമ്ബ്രവും അക്കരെയില്‍ എത്തി സ്വയംഭൂവിനെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്ത് ഒരു ചെമ്ബ് ചോറ് നിവേദിച്ചശേഷം മടങ്ങും. ഇനി മനുഷ്യ സ്പര്‍ശമില്ലാതെ അക്കരെ സന്നിധാനം 11 മാസക്കാലം നിശ്ബ്ദദയില്‍ അമരും.