ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വീണ്ടും തള്ളി. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ തന്നെ തുടരുമെന്നും കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ കാട്ടുപന്നികളെ കൊല്ലാനുളള അധികാരം സംസ്ഥാനത്തിനുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം എം പിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ അത് അനുവദിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്ന് വ്യക്തമാക്കിയതാണെന്ന് മന്ത്രി പറഞ്ഞു.
ആന, പുലി തുടങ്ങിയ വന്യജീവികളെ സംരക്ഷിത മൃഗങ്ങളുടെ ഒന്നാം പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണുള്ളത്. ഷെഡ്യൂള്‍ രണ്ടിലാണ് കാട്ടുപന്നി ഉള്‍പ്പെടുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ തദ്ദേശ സ്വയംഭരണ മേധാവിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയും. കേരളം പലതവണ ഈ അവകാശങ്ങള്‍ വിനിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആക്രമണമുണ്ടാക്കുമ്പോള്‍ തന്നെ വെടിവെച്ച് കൊല്ലാനുള്ള അനുമതി വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. വിഷയം ഉന്നയിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
മലപ്പുറം വഴിക്കടവില്‍ കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയായ അനന്തു കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെpതിരെ കേന്ദ്ര മന്ത്രി വിമര്‍ശം ഉന്നയിച്ചു.
ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഇത്തരം സാഹചര്യങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാറിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും അനാസ്ഥയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ വര്‍ഷം മാത്രം മൂന്ന് പേര്‍ ഇത്തരത്തില്‍ മരിച്ചിട്ടുണ്ട്. വൈദ്യുത വേലിക്ക് 240 വോള്‍ട്ട് വൈദ്യുതി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.