ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു.
കൊവിഡ് ജാഗ്രത നിർദ്ദേശിച്ച് ആരോഗ്യമന്ത്രി
പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എക്‌സ് എഫ് ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി