സംസ്ഥാനത്തെ സ്കൂളുകളില്‍ തസ്തിക നിർണയത്തിന് ആധാരമായ കുട്ടികളുടെ എണ്ണം ശേഖരിക്കുന്ന ആറാം പ്രവൃത്തി ദിനം ഇന്ന്.സംസ്ഥാന സിലബസില്‍ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്ബൂർണ വെബ്പോർട്ടല്‍ വഴി ഓണ്‍ലൈനായാണ് ശേഖരിക്കുന്നത്.
ഇന്ന് വൈകീട്ട് അഞ്ചു വരെ മാത്രമായിരിക്കും കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താൻ കഴിയുക. മുൻകാലങ്ങളില്‍ വിദ്യാഭ്യാസ ഓഫിസർമാർ സ്കൂളുകളില്‍ നേരിട്ടെത്തി കുട്ടികളുടെ എണ്ണം പരിശോധിക്കുന്ന 'തലയെണ്ണല്‍' രീതിയാണ് പിന്നീട് ആധാർ അധിഷ്ഠിത ഓണ്‍ലൈൻ വിവരശേഖരണത്തിലേക്ക് മാറിയത്.
ഇന്ന് വൈകീട്ട് അഞ്ചിനു ശേഷം സമ്ബൂർണയില്‍ വരുത്തുന്ന മാറ്റങ്ങള്‍ തസ്തിക നിർണയത്തിനായി പരിഗണിക്കില്ല. വിവരങ്ങളുടെ ആധികാരികത പ്രധാനാധ്യാപകൻ യു.ഐ.ഡി വാലിഡേഷൻ ലിങ്ക് മുഖേന പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കണം ആറാം പ്രവൃത്തിദിന റിപ്പോർട്ട് സബ്‌മിറ്റ് ചെയ്യേണ്ടത്.
പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒമാർക്കും, എ.ഇ.ഒ/ഡി.ഇ.ഒ മാർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ജില്ല ഉപഡയറക്ടർമാർക്കും ജില്ല ഉപഡയറക്ടർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേക്കും നല്‍കും.
എല്‍.പി തലത്തില്‍ അധിക ഭാഷ (അറബി/കൊങ്കിണി) പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, മറ്റ് ക്ലാസുകളില്‍ പാർട്ട് ഒന്ന്, രണ്ട് -മലയാളം, അറബിക്, സംസ്കൃതം, ഉർദു, തമിഴ്, കന്നട, ഗുജറാത്തി പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും, പഠിക്കുന്ന ഭാഷ സംബന്ധിച്ച വിവരം കൃത്യതയോടെ രേഖപ്പെടുത്തണം.
തെറ്റായതോ, അപൂർണമായതോ ആയ വിവരങ്ങള്‍ നല്‍കിയതുമൂലം ഡിവിഷൻ/തസ്തിക കൂടുന്നതോ നഷ്ടപ്പെടുന്നതോ ആയ സാഹചര്യം വന്നാല്‍ ഉത്തരവാദി പ്രധാനാധ്യാപകനായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
ആധാറില്ലാത്ത കുട്ടികളെ തസ്തിക നിർണയത്തിന് പരിഗണിക്കില്ല
തിരുവനന്തപുരം: ആധാർ (യു.ഐ.ഡി) ഇല്ലാത്ത കുട്ടികളുടെ എണ്ണം തസ്തിക നിർണയത്തിന് പരിഗണിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്. ഇതിന്‍റെ മറവില്‍ വ്യാജമായ പ്രവേശനം നടത്തി തസ്തികയുണ്ടാക്കാനുള്ള ശ്രമം തടയാൻ വേണ്ടിയാണിത്.
ആറാം പ്രവൃത്തി ദിനത്തില്‍ റോളിലുള്ള എല്ലാ കുട്ടികള്‍ക്കും യു.ഐ.ഡി ലഭ്യമാക്കുന്നതിന് പ്രധാനാധ്യാപകൻ പ്രത്യേക ശ്രദ്ധ ചെലുത്തണം. എന്നാല്‍, യു.ഐ.ഡി ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും അവകാശപ്പെട്ട സ്കൂള്‍ പ്രവേശനം നിഷേധിക്കില്ല. ആധാറില്ലാത്ത കുട്ടികളുടെ എണ്ണവും തസ്തിക നിർണയത്തിന് പരിഗണിക്കണമെന്ന് വിവിധ അധ്യാപക സംഘടനകള്‍ ആവശ്യമുയർത്തിയിരുന്നു.
അല്ലാത്ത പക്ഷം തസ്തിക നഷ്ടം സംഭവിക്കുകയും അതുവഴി അധ്യാപകർക്ക് ജോലി നഷ്ടം സംഭവിക്കുമെന്നും അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആധാറിന് അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്ത ഒട്ടേറെ വിദ്യാർഥികളുണ്ടെന്നും അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.