ഇരിട്ടി: ട്യൂഷൻ സെന്ററില്‍ 15കാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന സെന്റർ നടത്തിപ്പുകാരനും ആർ.എസ്.എസ് പ്രവർത്തകനുമായ അധ്യാപകനെതിരെ ഇരിട്ടി പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
ട്യൂഷൻ സെൻറർ നടത്തിപ്പിന്റെ മറവില്‍ പഠിതാവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ നാദാപുരം കുറ്റ്യാടിയിലെ രഞ്ജിത്ത് നരിപ്പറ്റ ക്ക് (39) എതിരെയാണ് പോക്സോ വകുപ്പ് ചേർത്ത് കുറ്റപത്രം നല്‍കുക.
ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടു ദിവസം മുമ്പാണ് രഞ്ചിത്ത് നരിപ്പറ്റയെ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിക്കടുത്ത് പയഞ്ചേരി ജബ്ബാർ കടവിനടുത്ത് നിന്ന് അറസ്റ്റു ചെയ്തത്.
പോക്സോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാൻഡിലാണ്. ഇയാള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനും വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിനുമാണ് മൂന്ന് ആഴ്ചക്കുള്ളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കാൻ ഒരുങ്ങുന്നത്.
നാദാപുരം കുറ്റ്യാടി സ്വദേശിയായ രഞ്ജിത്ത് നരിപ്പറ്റ പി.എസ്.സി പരിശീലനത്തിനായാണ് രണ്ടു വർഷം മുമ്ബ് ഇരിട്ടിയിലെത്തുന്നത്. പാതി വഴിയില്‍ പി.എസ്.സി പഠനം ഉപേക്ഷിച്ച് മലയോര മേഖലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ട്യുഷൻ സെന്റർ നടത്തി വരുകയായിരുന്നു.
ആർ.എസ്.എസ് -lബി.ജെ.പി പ്രസിദ്ധീകരണങ്ങളില്‍ ലേഖകനാണ് പ്രതി. ഇയാളുടെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെണ്‍കുട്ടി ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചികിത്സിച്ച ഡോക്ടറുടെ നിർദേശപ്രകാരം കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
ഉടനെ ഇരിട്ടി പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്.
ഇരിട്ടിക്കടുത്ത് കല്ലുമുട്ടിയില്‍ ട്യൂഷൻ സെന്റർ തുടങ്ങാനെന്ന് പരസ്യം നല്‍കി വിദ്യാർഥികളെയും രക്ഷിതാക്കളെയും വിശ്വസിപ്പിച്ച് നിരവധിപേരില്‍നിന്ന് ഇയാള്‍ പണം വാങ്ങി വഞ്ചിച്ചതായുള്ള പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേക അന്വേഷണം തുടങ്ങി