മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസില്‍ ഇടം പിടിച്ചു. രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ഥികള്‍ക്കുള്ള മലയാള സിനിമയുടെ ചരിത്രം എന്ന പുതിയ പേപ്പറിലാണ് മമ്മൂട്ടിയെ കുറിച്ച് പഠിക്കാനുള്ളത്. പൂര്‍വ വിദ്യാര്‍ത്ഥിയായ ദാക്ഷായണി വേലായുധന്റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഹാരാജാസ് ഗവ ഓട്ടോണമസ് കോളേജിലെ ചരിത്ര വിഭാഗം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം മുതല്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവ് പേപ്പറിലാണ് മമ്മൂട്ടി ഇടംപിടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ജീവ ചരിത്രവും മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍സിംഗ് സെല്ലുലോയ്ഡ് – മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ മമ്മൂട്ടിയെ കുറിച്ചുള്ള ഭാഗം ഉള്ളതെന്ന് മഹാരാജാസ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. സക്കറിയ തങ്ങള്‍ പറഞ്ഞു.
ചലച്ചിത്ര താരങ്ങളായ സത്യന്‍, പ്രേംനസീര്‍, മധു, മോഹന്‍ലാല്‍, ജയന്‍, ഷീല, ശാരദ തുടങ്ങിയവരും അടൂര്‍ ഗോപാലകൃഷ്ണനും പത്മരാജനും ഉള്‍പ്പെടെയുള്ള സംവിധായകരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭരണഘടനാ നിര്‍മാണ സഭയിലെ വനിതാ അംഗവും മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥിയുമായ ദാക്ഷായണി വേലായുധന്റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള മൈനര്‍ പേപ്പറില്‍ കൊച്ചിയുടെ പ്രാദേശിക ചരിത്രത്തിലാണ് ദാക്ഷായണി വേലായുധനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതേ പേപ്പറില്‍ തന്നെ കേരളത്തിലെ പ്രമുഖ ചിന്തകന്മാരുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും ചരിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.