പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

ഗാര്‍ഹിക പീഡന പരാതിയില്‍ പിന്തുണ, പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

 


 ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും തുടര്‍ പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(Veena George). ഇവര്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടര്‍ പിന്തുണ ഉണ്ടാകണം. ആവശ്യമായവര്‍ക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് സെല്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വണ്‍സ്‌റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വന്നിട്ട് 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഈ നിയമത്തിന്റെ ഫലമായി നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതങ്ങളില്‍ ഗുണപരമായി എത്ര മാറ്റമുണ്ടായി എന്ന പരിശോധന കൂടി നടത്തി. ഇരുപത്തിരണ്ടായിരത്തിലധികം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ വണ്‍ സ്‌റ്റോപ്പ് സെന്ററുകളിലൂടെ പിന്തുണ നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്. ഇത്രയും വ്യക്തികളുടെ ജീവിതത്തില്‍ ഗുണപരമായിട്ടുള്ള മാറ്റങ്ങള്‍ ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് ഇടപെടലുകള്‍ നടത്തുന്നത്. അതിന് തുടര്‍ച്ച ഉണ്ടാകണമെന്നതാണ് ഏറ്റവും പ്രധാനം.


തീവ്രമായ അതിക്രമത്തിനും ആക്രമണത്തിനും ഇരയായി ആ അനുഭവത്തിലൂടെ കടന്നു പോകാറുള്ള സന്ദര്‍ഭങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഒറ്റയ്ക്ക് പരാതിയുമായി മുന്നോട്ട് പോകേണ്ട സാഹചര്യവും ഉണ്ടായേക്കാം. പരാതി പറയുന്ന വ്യക്തിയ്ക്ക് ഉന്നയിക്കപ്പെട്ട വിഷയത്തില്‍ പരിഹാരം ഉണ്ടായി എന്നുള്ളത് ഉറപ്പാക്കണം.


പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഇതില്‍ നിന്നൊരു മോചനമില്ലെന്ന് ഒരു സ്ത്രീയും കരുതാന്‍ പാടില്ല. ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ ഒരു സ്ത്രീ പ്രശ്‌നം നേരിടുമ്പോള്‍ ആ വ്യക്തി തന്നെ എല്ലാം വിളിച്ച് പറയണമെന്നില്ല. ഒരു ഫോണ്‍ പോലും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലായിരിക്കും. ഇത് കാണുന്ന ആര്‍ക്ക് വേണമെങ്കിലും പരാതി വിളിച്ച് അറിയിക്കാം. അത് ശരിയാണോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതിനായി മിത്ര 181 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.