തിരുവോണം നാളിലെ ആരാധനാ പൂജ നടത്തി. നാളെ കൊട്ടിയൂരിൽ ഇളനീർ വയ്പ്. വൈശാഖോത്സവകാലത്തെ ആദ്യ ആരാധനാ പൂജയും ചടങ്ങുകളുമാണ് ഇന്നലെ നടത്തിയത്. മത്തവിലാസം കൂത്തും ഭണ്ഡാര അറയ്ക്കു മുന്നിൽ വച്ചുള്ള അലങ്കാര വാദ്യങ്ങളും ഇന്നലെ തുടങ്ങി. ആരാധനാ സദ്യ നടത്തി. സന്ധ്യയ്ക്ക് മണിത്തറയിലെ സ്വയംഭൂവിൽ പാലമൃത് എന്നറിയപ്പെടുന്ന പഞ്ചഗവ്യം അഭിഷേകം ചെയ്തു. തിരുവോണം ആരാധനയുടെ ഭാഗമായി പൊന്നിൻ ശീവേലിയും നടത്തി. നാളെയാണ് വൈശാഖ ഉത്സവത്തിലെ പ്രാധാന്യമേറിയ ഇളനീർ വയ്പ് നടത്തുക. നെയ്യാട്ടനാൾ മുതൽ പലയിടങ്ങളിലുള്ള കഞ്ഞിപ്പുരകളിൽ വ്രതത്തിൽ കഴിയുന്ന തണ്ടയാൻമാർ വ്രതക്കാർ നാളെ സന്ധ്യയോടെ ഇളനീർ കാവുകളുമായി കൊട്ടിയൂരിലെത്തും
രാത്രി കാര്യത്ത് കൈക്കോളൻ തിരുവൻചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വിരിക്കുകയും കുടിപതി കാരണവർ വെള്ളി ക്ടാരം വച്ച് രാശി വിളിക്കുകയും ചെയ്താൽ ഇളനീർ വയ്പ് ആരംഭിക്കും. അഭിഷേകത്തിനുള്ള ഇളനീരുകൾ കാവുകളാക്കി വ്രതക്കാർ കൊട്ടിയൂരിലേക്കു പ്രയാണം തുടങ്ങി.
നിത്യപൂജകൾ
രാവിലെ നിർമാല്യം. 36 കുടം ജലാഭിഷേകം. ഉഷഃപൂജ, സ്വർണക്കുടം – വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരംകുടം ജലാഭിഷേകം, അത്താഴപൂജ, ശീവേലി, ശ്രീഭൂതബലി.