മുഴപ്പിലങ്ങാട്: മലപ്പുറത്തുനിന്നും മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിലെത്തി ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തിൽപ്പെട്ടയാളെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് യുവാക്കൾ. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആംബുലൻസിനെ വിളിച്ചെങ്കിലും ശക്തമായ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് ആംബുലൻസിന് ബീച്ചിലേക്ക് എത്താൻ സാധിച്ചില്ല. തുടർന്ന് നാട്ടുകാരായ ടി പി രാഗേഷ്, ഷിബിൻ എന്നിവരുടെ സഹായത്താൽ ബൈക്കിൽ രോഗിയെ ഇരുത്തി തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഞായറാഴ്ചയടക്കമുള്ള അവധി ദിവസങ്ങളിൽ മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള ഇടുങ്ങിയ റോഡിൽ വൻ ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെടാറുള്ളത്. വൺവേ സംവിധാനമോ ഗതാഗതം നിയന്ത്രിക്കാൻ മറ്റു ശാസ്ത്രീയ സംവിധാനമോ ഡ്രൈവിംഗ് ബീച്ചിൽ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.