കൈക്കൂലി കേസില്‍ കണ്ണൂരില്‍ പൊലിസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പയ്യാവൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെയാണ് അന്വേഷണ വിധേയമായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്‌പെന്‍ഡ് ചെയ്തത്. മെയ് 13നാണ് സംഭവം.
രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂര്‍സ്റ്റേഷനു മുന്നില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ഇബ്രാഹിം മദ്യലഹരിയില്‍ വാഹനം ഓടിച്ച കോട്ടയം സ്വദേശിയായ അഖില്‍ ജോണിനെ സ്‌റ്റേഷനില്‍ കൊണ്ടുപോവുകയോ നോട്ടിസ് നല്‍കുകയോ ചെയ്യാതെ ഫോണ്‍ നമ്പര്‍ വാങ്ങുകയും വിട്ടയക്കുകയും ചെയ്തു.
പിറ്റേ ദിവസം ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പണം ആവശ്യപ്പെട്ടത്. കേസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാം എന്നുപറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പകരക്കാരനും കോടതിയില്‍ കൊടുക്കാനെന്നും പറഞ്ഞു 14000 രൂപ ഗൂഗിള്‍പേ വഴി വാങ്ങിക്കുകയായിരുന്നു.
ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയതെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തത്. കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.