കാസർഗോഡ്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. കാട്ടിപ്പള്ളത്ത് കെ മൊയ്‌തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.10ന് വീട്ടിൽ നിന്ന് 100 മീറ്റർ അകലെ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹൈദർ സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കിടക്കുന്നത് സുഹൃത്താണ് കണ്ടത്. ഉടൻ തന്നെ സുഹൃത്ത് ഹൈദറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്‌ഥിരീകരിച്ചു. ആദൂർ പോലീസ് സ്‌ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നായാട്ടിനായി ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെത്തിയത്.
ഇതിൽ നിന്ന് കവിളിൽ വെടിയേറ്റതായും പോലീസ് കണ്ടെത്തി. മരണകാരണം വെടിയേറ്റതാണെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തായിരുന്ന ഹൈദർ അലി അവധിക്കായി നാട്ടിൽ എത്തിയതായിരുന്നു. നായാട്ടിനായി പുറപ്പെട്ടതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നായാട്ടിനായി ഉപയോഗിക്കുന്ന തോക്കിൽ മുഴുവൻ തിര നിറച്ചിരുന്നതായാണ് പോലീസ് പറയുന്നത്.


