തലശേരി: തലശേരിയിൽ 110 പവൻ സ്വർണവുമായി രണ്ടുപേർ പൊലീസിന്റെ പിടിയിലായി. വൻ കവർച്ചാ സംഘത്തിലെ അംഗങ്ങളായ നേപ്പാൾ സ്വദേശി ഗോപാൽ (32), അസം സ്വദേശി ദെബോജിത് (35) എന്നിവരാണ് തലശേരി നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത്. പ്രതികളിൽ നിന്ന് സ്വർണത്തിന് പുറമെ പണവും മൊബൈൽ ഫോണുകളും വിദേശ കറൻസിയും പിടികൂടിയിട്ടുണ്ട്.
ചെന്നൈയിൽ മോഷണം നടത്തിയ ശേഷം സ്വർണം കേരളത്തിൽ വിൽക്കാൻ കൊണ്ടുവന്നപ്പോഴാണ് ഇവർ പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. നഗരത്തിൽ നടത്തിയ സാധാരണ പരിശോധനയ്ക്കിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മധുരയിൽ ഇന്നലെ നടന്ന ആഭരണശാലയിലെ കവർച്ചയുമായുള്ള ബന്ധവും സംശയിക്കുന്നുണ്ട്.


