തലശ്ശേരി: തലശ്ശേരി–മാഹി ബൈപ്പാസിൽ ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്ക്. ബൈപ്പാസ് പാതയിൽ എച്ച്.പി. ഗ്യാസ് കൊണ്ടുപോകുന്ന ബുള്ളറ്റ് ടാങ്കർ ലോറി കേടായി റോഡിൽ നിന്നതാണ് ഗതാഗത സ്തംഭനത്തിന് കാരണമായത്.
സംഭവത്തെ തുടർന്ന് ബൈപ്പാസിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. കണ്ടെയ്‌നറുകൾ, ചരക്കുലോറികൾ, അന്തർസംസ്ഥാന വാഹനങ്ങൾ എന്നിവയടക്കം നൂറുകണക്കിന് വാഹനങ്ങളാണ് കിലോമീറ്ററുകളോളം റോഡിൽ കുടുങ്ങിക്കിടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അധികൃതരും ചേർന്ന് ഗതാഗതം നിയന്ത്രിക്കാനും തകരാറിലായ വാഹനം നീക്കം ചെയ്യാനുമുള്ള നടപടികൾ സ്വീകരിച്ചു.


