പയ്യന്നൂർ:വീട്ടിൽ നിന്നു 31 പവൻ സ്വർണം കവർച്ച ചെയ്ത കേസിൽ വേലക്കാരി അറസ്റ്റിൽ. വയനാട്, വരയാൽ, പേരിയ സ്വദേശിനി പ്രേമ (50) യെ ആണ് ഉളിക്കൽ സർക്കിൾ ഇൻസ്പെക്ടർ കെ വി ഉമേശന്റെ മേൽനോട്ടത്തിൽ എസ് ഐ കെ കെ രാധാകൃഷ്ണൻ അറസ്റ്റു ചെയ്‌തത്.
ബംഗ്ളൂരുവിൽ കുടുംബ സമേതം താമസിക്കുന്ന നിമ്മി ഈപ്പന്റെ ഉളിക്കലിലുള്ള കുടുംബവീട്ടിലാണ് കവർച്ച നടന്നത്. പ്രസ്‌തുത വീട്ടിൽ നിമ്മി ഈപ്പന്റെ അമ്മയും മുത്തച്ഛനുമാണ് താമസിച്ചിരുന്നത്. നിമ്മിക്കു വയനാട്ടിൽ ഉള്ള തോട്ടത്തിലെ ജീവനക്കാരിയായിരുന്നു പ്രേമ. പിന്നീടാണ് അമ്മയെയും മുത്തച്ഛനെയും പരിചരിക്കുന്നതിനായി പ്രേമയെ ഉളിക്കലിലെ വീട്ടിൽ ജോലിക്കു നിർത്തിയത്.
വർഷങ്ങളായി ജോലി ചെയ്തുതു വരികയായിരുന്നു. ഇതിനിടയിൽ മാതാവ് മരണമടഞ്ഞു. ഇതോടെ മുത്തച്ഛനെ നിമ്മി ബംഗ്ളരുവിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. എങ്കിലും വീടു നോക്കാനും അടിച്ചു വൃത്തിയാക്കാനും പ്രേമയെ തന്നെ ചുമതലപ്പെടുത്തി. ഇവർ ഇടയ്ക്കിടെ ഉളിക്കലിലെ വീട്ടിലെത്തി തന്നെ ഏൽപ്പിച്ച ജോലികൾ ചെയ്‌തു വരികയായിരുന്നു. ഇതിനിടയിലാണ് ദീപാവലി അവധിയിൽ നിമ്മിയും കുടുംബവും ഉളിക്കലിലെ വീട്ടിൽ എത്തിയത്.
അലമാര തുറന്നു നോക്കിയപ്പോൾ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമായി. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾക്കു പകരം മുക്കുപണ്ടങ്ങൾ വച്ചതായും കണ്ടെത്തി. ഇക്കാര്യം മനസ്സിലാക്കിയ നിമ്മി ഉളിക്കൽ പൊലീസിൽ പരാതി നൽകി. കേസെടുത്തു അന്വേഷിച്ചപ്പോഴാണ് കവർച്ചയ്ക്ക്പിന്നിൽ പ്രേമയാണെന്നു കണ്ടെത്തി അറസ്റ്റു ചെയ്തത്.


