സംസ്ഥാനത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ബയോമെട്രിക് മസ്റ്ററിങ് സമയപരിധി ഈ മാസം 30 വരെ നീട്ടി സർക്കാർ ഉത്തരവായി. മുൻപ് നിശ്ചയിച്ചിരുന്ന ഒക്ടോബർ 31 എന്ന അവസാന തീയതി കഴിഞ്ഞിട്ടും ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ ഇളവ്.
നിലവിൽ 3,32,417 സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2,88,728 വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുമടക്കം ആകെ 6,21,145 പേരാണ് മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്. ഇവർക്ക് ഒരവസരം കൂടി നൽകുന്നതിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം.
അക്ഷയ കേന്ദ്രങ്ങൾ വഴി തികച്ചും സൗജന്യമായാണ് ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ, ബാക്കിയുള്ളവർ നവംബർ 30-നകം ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.


