പാനൂർ കരിയാട് പുളിയനമ്പ്രം സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയെ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കാണാതായതിന്റെ നൂറു ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ലോക്കൽ പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷിച്ചിട്ടും തുമ്പൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യാനും തുടർച്ചയായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹുജന വിദ്യാർഥി മാർച്ചും ധർണയും നടത്താൻ നിശ്ചയിച്ചിരിക്കുന്നതുൾപ്പെടെയുള്ള സംഭവവികാസങ്ങളാണ് നിലവിലുള്ളത്.


