പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

തെരുവ് നായകളെ ദത്തെടുത്താല്‍ 1000 രൂപ; വളര്‍ത്തു നായകളെ ഉപേക്ഷിച്ചാല്‍ ആറുമാസം തടവ്, സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ച് വിദഗ്ധ സമിതി

 


തിരുവനന്തപുരം:സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങള്‍ തടയുന്നതിനും നായകളുടെ  എണ്ണം നിയന്ത്രിക്കുന്നതിനും നിര്‍ണായക ശുപാര്‍ശകളുമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ട്. തെരുവില്‍ അലഞ്ഞുതിരിയുന്ന പ്രായം കൂടിയ നായകളെ ദത്തെടുത്ത് സംരക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയോ ക്ഷേമനിധി വഴിയോ പ്രതിമാസം 500 രൂപ മുതല്‍ 1,000 രൂപ വരെ ധനസഹായം നല്‍കണം. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ആറുമാസം തടവുശിക്ഷ നല്‍കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

കേരള വെറ്ററിനറി സര്‍വകലാശാലയിലെ പ്രൊഫ. ഡോ ഷിബു സൈമണ്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ട്, രജിസ്ട്രാര്‍ പ്രൊഫ. സാബിന്‍ ജോര്‍ജ്ജ്, സമിതി കണ്‍വീനര്‍ ഡോ. സഞ്ജയ് ഡി. എന്നിവര്‍ ചേര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് കൈമാറി. സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2019 ല്‍ കേരളത്തില്‍ മൂന്നുലക്ഷം തെരുവ് നായകളുണ്ടായിരുന്നു. എന്നാല്‍, 2024 ആയപ്പോഴേക്കും അത് 4.5 ലക്ഷമായി ഉയര്‍ന്നു.

2025 ല്‍ മാത്രം സംസ്ഥാനത്ത് 3.69 ലക്ഷത്തിലധികം ആളുകള്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു. 2021 മുതല്‍ 2025 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ നായയുടെ കടിയേറ്റ് പേവിഷബാധ മൂലം 122 മനുഷ്യരാണ് മരിച്ചത്. നായകളെ പിടിച്ച് വന്ധ്യംകരിച്ച് വാക്സിന്‍ നല്‍കി വീണ്ടും അതേ തെരുവിലേക്ക് വിടുന്ന രീതി എണ്ണം കുറയ്ക്കുന്നതിലോ കൂട്ടമായുള്ള അക്രമസ്വഭാവം തടയുന്നതിലോ പൂര്‍ണ്ണ പരാജയമാണെന്ന് സമിതി വിലയിരുത്തി. ഒരു ജോടി തെരുവ് നായകള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് 600 ലധികം നായകളായി പെരുകാനുള്ള ജൈവിക ശേഷിയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


നിലവില്‍ തയ്യാറാക്കിയിട്ടുള്ള ഷെല്‍ട്ടറുകളില്‍ തെരുവ് നായകളെ പാര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിദിനം 60 മുതല്‍ 70 രൂപ വരെ (പ്രതിമാസം 1,800 മുതല്‍ 2,100 രൂപ വരെ) ചെലവഴിക്കേണ്ടി വരുന്നുണ്ട്. സര്‍ക്കാര്‍ ഷെല്‍ട്ടറുകളില്‍ ഭീമമായ തുക ചെലവഴിക്കുന്നതിന് പകരം നായകളെ ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മാസം 500 മുതല്‍ 1,000 വരെ അലവന്‍സ് നല്‍കുന്നത് വഴി സര്‍ക്കാര്‍ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സമിതിയുടെ അഭിപ്രായം. ദത്തെടുക്കുന്ന ആദ്യത്തെ മൂന്നുമുതല്‍ ആറുമാസം വരെ നായകള്‍ക്കായി പ്രത്യേക സൗജന്യ ഫുഡ് കിറ്റുകള്‍ വിതരണം ചെയ്യണം.

ദത്തെടുക്കുന്ന നായകള്‍ക്ക് ആജീവനാന്തം സൗജന്യ പേവിഷബാധ പ്രതിരോധ വാക്സിനും സൗജന്യ ലൈസന്‍സും രജിസ്ട്രേഷനും തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കണം. തോട്ടങ്ങള്‍, ഫാക്ടറികള്‍, ക്യാമ്പസുകള്‍ എന്നിവിടങ്ങളില്‍ കാവല്‍ നായകളായി നാടന്‍ തെരുവ് നായകളെ ദത്തെടുക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തണം. നായക്കുട്ടികളെ മാത്രം ദത്തെടുക്കുന്നത് കൊണ്ട് തെരുവിലെ അക്രമങ്ങളും പെറ്റുപെരുകലും അവസാനിക്കില്ലെന്ന് സമിതി വ്യക്തമാക്കുന്നു. തെരുവില്‍ അക്രമങ്ങള്‍ നടത്തുന്നതും വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടങ്ങള്‍ ഉണ്ടാക്കുന്നതും പെറ്റുപെരുകുന്നതും പ്രായമുള്ള നായകളാണ്.

അതിനാല്‍ നായക്കുട്ടികളെയും മുതിര്‍ന്ന നായകളെയും ഒരുമിച്ച് ദത്തെടുക്കുന്ന 'ഡ്യുവല്‍ ട്രാക്ക് അഡോപ്ഷന്‍ മോഡല്‍' നടപ്പാക്കണം. ദത്തെടുക്കുന്ന നായകളെ വീണ്ടും തെരുവിലേക്ക് ഉപേക്ഷിക്കാതിരിക്കാന്‍ നിര്‍ബന്ധിത മൈക്രോചിപ്പിംഗ്, വന്ധ്യംകരണം, വാസസ്ഥലങ്ങളിലെ കൃത്യമായ പരിശോധന എന്നിവ ഉറപ്പാക്കും.വളര്‍ത്തുനായകളെ തെരുവിലേക്ക് വലിച്ചെറിയുന്ന പ്രവണതയ്ക്കെതിരെ അതീവ കര്‍ശന ശിക്ഷയാണ് സമിതി നിര്‍ദ്ദേശിക്കുന്നത്. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് സെക്ഷന്‍ 291 പ്രകാരം കോഗ്നിസിബിള്‍ (പൊലീസിന് കേസെടുക്കാവുന്ന) കുറ്റകൃത്യമാക്കണം.

ഇത്തരം ക്രൂരത കാട്ടുന്ന ഉടമകള്‍ക്ക് ആറുമാസം വരെ തടവോ 5,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി നല്‍കണം. പൊതുസ്ഥലങ്ങളില്‍ നായകളെ നടക്കാന്‍ കൊണ്ടുപോകുമ്പോള്‍ നിര്‍ബന്ധമായും ലീഷ് ധരിപ്പിച്ചിരിക്കണം. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി സംസ്ഥാനവ്യാപകമായി 70 ശതമാനത്തിലധികം നായകള്‍ക്ക് വാക്സിന്‍ നല്‍കുന്ന വാര്‍ഷിക ഡ്രൈവ് സംഘടിപ്പിക്കണം. തെരുവില്‍ മാലിന്യം തള്ളുന്നത് തടയുന്നതിനും തെരുവ് നായ വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുമായി സമഗ്രമായ പത്തുവര്‍ഷത്തെ പദ്ധതിയാണ് സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.