റാസല്‍ഖൈമ: ഇന്നലെ റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളിയെന്ന് തിരിച്ചറിഞ്ഞു.
തലശേരി സ്വദേശിനി സങ്കീർത്തന സുരേഷാണ് മരിച്ചത്. അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്ന സങ്കീർത്തനയ്‌ക്ക് ദുബായില്‍ മറ്റൊരു ജോലി ലഭിച്ചിരുന്നു. അതിനായി ഒമാനില്‍ പോയി വിസ പുതുക്കി മടങ്ങുമ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ദുബായിലെ പുതിയ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സങ്കീർത്തനയുടെ സഹോദരനും യുഎഇയിലാണ് ജോലി ചെയ്യുന്നത്.
അപകടത്തില്‍ മരിച്ച മറ്റ് 12 പേരെയും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മരിച്ചവരില്‍ ഒന്നില്‍ കൂടുതല്‍ മലയാളികളുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. റാസല്‍ഖൈമയില്‍ ഇന്നലെ പുലർച്ചെ തെക്കൻ മേഖലയിലെ അല്‍ വതൻ റോഡിലുണ്ടായ അപകടത്തില്‍പെട്ട് മരണപ്പെട്ട 13 പേരില്‍ 11ഉം ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പരിക്കേറ്റ 14 പേർ റാസല്‍ഖൈമയിലെ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒമാനില്‍ സന്ദർശക വിസ പുതുക്കാൻ എത്തിയവരാണ് ബസിലുണ്ടായിരുന്നത്. 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയില്‍വച്ചും മരിച്ചു. ബസില്‍ 41 പേരായിരുന്നു യാത്ര ചെയ്‌തിരുന്നത്. തകരാറിനെ തുടർന്ന് വഴിയരികില്‍ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.


