തിരൂർ: കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷൻ നല്‍കിയ കാമുകിയെയും കൂട്ടാളികളെയും പിടിയില്‍. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടില്‍ നാദിയ (20), പുതുക്കുളങ്ങര വീട്ടില്‍ റബീബ (25), പറവണ്ണ കുട്ടിയസന്‍റെ പുരയ്ക്കല്‍ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടില്‍ അസറുദ്ദീൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
ഇവരില്‍ സഫാനയുടെ പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ 19 വയസുള്ള കാമുകനെയാണ് വധിക്കാൻ ശ്രമിച്ചത്. സഫാന കഴിഞ്ഞ ദിവസം തിരൂർ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടില്‍ എത്തിയിരുന്നു. പിന്നാലെ 10ന് അർധരാത്രി സഫാനയെ അന്വേഷിച്ച് സുഹൃത്തിനൊപ്പം കാമുകനും തിരൂരിലെത്തി. തുടർന്ന് ഇയാളെ കാറില്‍ കയറ്റി ക്രൂരമായി മർദിച്ചു. മർദിച്ച ശേഷം കാമുകനെ പുലർച്ചെ ഒന്നരയോടെ താഴേപ്പാലത്ത് റോഡരികില്‍ ഉപേക്ഷിച്ചു. കാമുകന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് വിവരം പൊലീസിലറിയിച്ചത്.
ഇതോടെ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാമുകൻ ശല്യം ചെയ്യുകയും സ്വാതന്ത്ര്യം നല്‍കാതിരിക്കുകയും ചെയ്തതാണ് ക്വട്ടേഷൻ നല്‍കാൻ കാരണമെന്ന് സഫായ പറഞ്ഞതായി പൊലീസ് പറയുന്നു.


