പാനൂർ: യാത്രക്കാരായ സ്കൂള്‍ വിദ്യാർഥിനികള്‍ക്ക് അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതിയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
മൊകേരി മുത്താറിപീടികയിലെ ഐ.കെ.ബി.റോഡില്‍ കല്ലുള്ള പറമ്പത്ത് കെ.പി.ഇബ്രാഹിമി (64) നെയാണ് പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീർ തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
അന്നേ ദിവസംവൈകീട്ട് നാലിന് സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥിനികള്‍ ഇയാളുടെ ഓട്ടോയില്‍ കയറിയപ്പോള്‍ മൊബൈലിലൂടെ അശ്ലീല വീഡിയോ കാണിക്കുകയും ബ്ലൂടൂത്ത് ഉപയോഗിച്ച് ശബ്ദം സ്പീക്കറിലൂടെ കേള്‍പ്പിക്കുകയുമായിരുന്നു. ഇതേ തുടർന്ന് ഓട്ടോ നിർത്താൻ പറഞ്ഞ് വഴിയിലിറങ്ങിയ വിദ്യാർത്ഥിനികള്‍ പരിചയക്കാരനായവ്യാപാരിയോട് വിവരം പറഞ്ഞതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അവ്യക്തമായി കാണപ്പെട്ട ഓട്ടോയെ ഏറെ പണിപ്പെട്ടാണ് തിരിച്ചറിഞ്ഞത്.


