തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്‌ഥ. ആശുപത്രിയിലെ ശുചിമുറിയിൽ രോഗി മരിച്ചുകിടന്നത് 36 മണിക്കൂർ. മാക്കുട്ടി റാവുത്തർ എന്ന 77 കാരനാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈമാസം 16നാണ് മാക്കുട്ടിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തത്. കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ല.
19ന് രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. 36 മണിക്കൂറുകൾക്ക് ശേഷം 21ആം തീയതിയാണ് രോഗിയെ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറി ഉള്ളിൽ നിന്ന് പൂട്ടിയതിനാൽ ആളുണ്ടെന്ന് കരുതി ക്ളീനിങ് സ്‌റ്റാഫുകൾ ഇത് തുറന്ന് നോക്കിയതുമില്ല.
കാണാതായതിന് പിന്നാലെ പോലീസിൽ പരാതി നൽകിയിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പിന്നീട് സംശയത്തെ തുടർന്ന് ശുചിമുറി തുറന്ന് നോക്കിയപ്പോഴാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്‌റ്റുമോർട്ടത്തിൽ പറയുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.


