ഡല്‍ഹി: വാഹന നിയമങ്ങള്‍ കൂടുതല്‍ കർശനമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി നിരവധി നിയമപരിഷ്കാരങ്ങളാണ് ആലോചനയിലുള്ളത്.
പ്രധാനമായും ഇൻഷുറൻസ് ഇല്ലാെതെ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് അവസാനിപ്പിക്കുക എന്നതിലാണ് ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഒരു സുപ്രധാന മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് സർക്കാർ. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കില്‍ ഇന്ധനം നല്‍കേണ്ടതില്ലെ എന്ന നിയമം നടപ്പിലാക്കനാണ് സർക്കാർ തയ്യാറെടുക്കുന്നത്.
'ഇൻഷുറൻസില്ലെങ്കില്‍ ഇന്ധനമില്ല' (No insurance, no fuel) എന്ന ആശയം നടപ്പിലാക്കുന്നതിനായി ഒരു പൈലറ്റ് പദ്ധതി (pilot project) ആരംഭിക്കാൻ സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ സമിതി, റോഡ് ഗതാഗത മന്ത്രാലയത്തോടും പെട്രോളിയം മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഹരിയാനയിലും ഉത്തർപ്രദേശിലുമായി അഞ്ച് വീതം പെട്രോള്‍ പമ്പുകളിലാണ് ഈ പൈലറ്റ് പദ്ധതി നടപ്പിലാക്കുക. പൈലറ്റ് പദ്ധതിയുടെ നടപ്പിലാക്കുന്നതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകള്‍ സ്വയം തിരിച്ചറിയാൻ കഴിയുന്ന 'ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ' (ANPR) ക്യാമറകള്‍ ഈ പമ്പുകളില്‍ സ്ഥാപിക്കും.
ഇതുവഴി രജിസ്ട്രേഷൻ നമ്പറുകള്‍ കൃത്യമായി റീഡ് ചെയ്ത് വാഹനങ്ങള്‍ക്ക് സാധുവായ ഇൻഷുറൻസ് ഉണ്ടോ എന്ന് പരിശോധിക്കാൻ കഴിയും. ഈ പരീക്ഷണം വിജയം കണ്ടാല്‍ രാജ്യവ്യാപകമായി പദ്ധതി വ്യാപിക്കാനാണ് സാധ്യത കാണുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യൻ നിരത്തുകളിലൂടെ ഓടുന്ന നല്ലൊരു ശതമാനം വാഹനങ്ങള്‍ക്കും സാധുവായ ഇൻഷുറൻസ് ഇല്ല. നിലവില്‍ ഏകദേശം 25 കോടി വാഹനങ്ങള്‍ക്കാണ് സാധുവായ ഇൻഷുറൻസ് പരിരക്ഷയുള്ളത്. പക്ഷേ ഇത് രാജ്യത്തുടനീളം ഓടുന്ന വാഹനങ്ങളുടെ ഏകദേശം 81 ശതമാനം മാത്രമേ ആകുന്നുള്ളൂ. ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങളില്‍ 90 ശതമാനത്തിലധികം വണ്ടികള്‍ക്കും സാധുവായ ഇൻഷുറൻസ് ഉണ്ട്. കാറുകളിലേക്ക് വന്നാല്‍ ഏകദേശം 88 ശതമാനം മാത്രമേ ആകുന്നുള്ളൂ. ഇരുചക്ര വാഹനങ്ങളില്‍ ഏകദേശം 80 ശതമാനം മാത്രമാണ് ഇൻഷുർ ചെയ്തിരിക്കുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം സ്വകാര്യ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും മോട്ടോർ ഇൻഷുറൻസ് പോളിസികള്‍ക്കായി, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നാല് തലങ്ങളുള്ള പുതിയ ഘടന അവതരിപ്പിച്ചിരുന്നു.ഡിസംബർ 15 മുതല്‍ നടപ്പിലാകുന്ന പുതിയ പരിഷ്കരണം പ്രകാരം മോട്ടോർ ഇൻഷുറൻസ് പോളിസികളെ നാല് വിഭാഗങ്ങളായി തിരിക്കും. തേർഡ് പാർട്ടി ബാധ്യത (Third-party liability), യാത്രക്കാർക്ക് നിയമപരമായ ബാധ്യത (Legal liability for occupants or pillion riders), വ്യക്തിഗത അപകട പരിരക്ഷ (Personal accident cover), ഓണ്‍ ഡാമേജ് പരിരക്ഷ (Own-damage cover) എന്നിങ്ങനെയാണ് വേർ തിരിവ് കൊണ്ടുവരിക.


