പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ 4, 5 പ്ലാറ്റ്ഫോമുകൾ; യാർഡ് വികസനത്തിന് 47 കോടി രൂപ

 


കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലും അഞ്ചും പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതിനും 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്തിയിടാനുള്ള സ്റ്റേബിൾ ലൈൻ ഉൾപ്പെടെയുള്ള യാർഡ് പുനർരൂപകൽപ്പനയ്ക്കുമായി 47 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. പദ്ധതിയുടെ അടങ്കൽ തയ്യാറാക്കി പ്രവൃത്തി ഉടൻ കരാർ നൽകും.


24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താൻ കഴിയുന്ന തരത്തിൽ 650 മീറ്ററും 620 മീറ്ററും നീളമുള്ള നാലും അഞ്ചും പ്ലാറ്റ്ഫോമുകളാണ് നിർമിക്കുക. നിലവിലുള്ള ആറാം, ഏഴാം, ഒമ്പതാം ലൈനുകൾ സ്റ്റേബിൾ ലൈനുകളാക്കി നീളം വർധിപ്പിക്കും. എട്ടാം ലൈൻ 600 മീറ്റർ നീളമുള്ള മറ്റൊരു സ്റ്റേബിൾ ലൈനാക്കി മാറ്റും.


പത്താം ലൈനിൽ റോ-റോ സർവീസുകൾക്കും ചരക്ക് നീക്കത്തിനും ഉപയോഗിക്കാവുന്ന റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ട്രെയിനുകൾ നിർത്തിയിടുന്നതിനും അറ്റകുറ്റപ്പണികൾക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


കണ്ണൂർ സൗത്ത്, പഴയങ്ങാടി, താനൂർ, മാമന്നൂർ സ്റ്റേഷനുകളിലും ട്രെയിനുകൾ നിർത്തിയിടുന്നതിനുള്ള അധിക ലൂപ്പ് ലൈനുകൾ നിർമിക്കും. രണ്ട് മെയിൻ ലൈനുകൾക്ക് പുറമെയാണ് ഈ സൗകര്യം ഒരുക്കുന്നത്. കണ്ണൂർ സൗത്ത് സ്റ്റേഷനിൽ 11 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നാലര ഏക്കർ വിസ്തൃതിയുള്ള സ്റ്റേഷനെ കണ്ണൂരിന്റെ രണ്ടാമത്തെ ടെർമിനലാക്കി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.


മഞ്ചേശ്വരം, കാസർകോട് സ്റ്റേഷനുകളിൽ യാർഡ് പുനർരൂപകൽപ്പനയ്ക്കായി പാലക്കാട് റെയിൽവേ ഡിവിഷൻ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. ബേക്കൽ ഫോർട്ട് സ്റ്റേഷനെ ബി-ക്ലാസ് സ്റ്റേഷനായി ഉയർത്താനും നിർദേശമുണ്ട്.


പാലക്കാട് ഡിവിഷനിൽ പൂർണമായ പിറ്റ് ലൈൻ സൗകര്യം നിലവിലില്ല. ഷൊർണൂരിൽ ചെറിയ പിറ്റ് ലൈൻ മാത്രമാണുള്ളത്. പാലക്കാട് ടൗണിൽ പിറ്റ് ലൈൻ നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിലും പുരോഗതി മന്ദഗതിയിലാണ്. കണ്ണൂരിൽ ബി.പി.സി.എല്ലിന്റെ ഇന്ധന ലൈൻ സംബന്ധിച്ച തടസ്സം മാറിയ സാഹചര്യത്തിൽ 25 കോച്ചുകളുള്ള ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാനാകുമോയെന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം പരിശോധിച്ചുവരികയാണ്. മഞ്ചേശ്വരവും പരിഗണനയിലുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.