കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്‌റ്റ് എക്‌സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സുഹൈൽ എക്‌സൈസ് ഓഫീസിൽ ഹാജരാവുകയായിരുന്നു.
അബ്‌കാരി ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറിൽ നിന്ന് മാത്രം ഏകദേശം 4500 രൂപയുടെ ബിൽ സുഹൈലിന് വന്നിരുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് സംഘം ശേഖരിച്ചിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയ സുഹൈലിനെ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ആഴ്‌ചയാണ് 36 ദിവസങ്ങൾക്ക് ശേഷം കാക്കനാട് ബോസ്‌റ്റൽ സ്‌കൂളിൽ നിന്ന് സുഹൈൽ സജീവ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് എക്‌സൈസിന് മുന്നിൽ ഹാജരായത്. മജിസ്‌ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സുഹൈൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ സുഹൈലിനൊപ്പം അറസ്‌റ്റിലായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒക്‌ടോബർ 11ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മിനി കൂപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രികരായ സൗത്ത് കർണാടക സ്വദേശി ഇജാസ് (21), വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.


