പരീക്ഷാപരിഷ്കരണത്തിനായി കേന്ദ്രം നിയോഗിച്ച നന്ദൻ നിലേകനി സമിതിയോട്, നീറ്റ് യു.ജി. പ്രരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ നിർദേശിച്ചു.നിലവിലെ പേന-കടലാസ് പരീക്ഷാരീതിയില്‍നിന്ന് മാറണമെന്ന അഭിപ്രായമാണ് കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളില്‍നിന്ന് ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, ദേശീയതലത്തിലെ പൊതുപരീക്ഷാ രീതിയെ തമിഴ്നാട് എതിർത്തു.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതിയിലേക്ക് മാറുന്നതിനൊപ്പം, ആദ്യ കുറച്ചുവർഷത്തേക്ക് നിലവിലെ പേന-കടലാസ് പരീക്ഷാരീതിയും തുടരുന്നതിനെക്കുറിച്ച് ചർച്ചകള്‍ നടക്കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ വിദ്യാർഥികള്‍ക്ക് അവസരം നല്‍കാനാണ് ആലോചിക്കുന്നത്. നേരത്തേ ഐ.ഐ.ടി.-ജെ.ഇ.ഇ പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കിയപ്പോള് സമാനമായ മാതൃകയാണ് പിന്തുടർന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമായിരിക്കും അന്തിമതീരുമാനമെടുക്കുന്നത്.


