ഇൻസ്റ്റഗ്രാമിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ ലോകവ്യാപകമായി പുതിയ എഐ ടൂൾ അവതരിപ്പിക്കാൻ മെറ്റ. അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് പ്രായപൂർത്തിയായവരുടെ ജനനത്തീയതി നൽകുന്ന കൗമാരക്കാരെ കണ്ടെത്താനാണിത്. നിർമിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പ്രായം വിലയിരുത്തൽ സാങ്കേതികവിദ്യയാണ് ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നത്.
എഐ സാങ്കേതികവിദ്യയുടെ പിന്തുണയോടെ 13 മുതൽ 17 വയസ്സു വരെയുള്ള ഉപയോക്താക്കളെ ഇൻസ്റ്റഗ്രാമിന്റെ 'ടീൻ അക്കൗണ്ട്' ക്രമീകരണങ്ങളുടെ പരിധിയിൽ കൊണ്ടുവരിക എന്നതാണ് മെറ്റയുടെ ലക്ഷ്യം. ഇതോടെ കൗമാരക്കാർക്ക് സന്ദേശമയക്കാൻ കഴിയുന്നവർ, കാണാൻ കഴിയുന്ന ഉള്ളടക്കം, പ്ലാറ്റ്ഫോമിൽ ചെലവഴിക്കുന്ന സമയം എന്നിവ സ്വയം നിയന്ത്രിക്കപ്പെടും.
ചില പ്രത്യേക മേഖലകളിൽ മെറ്റ കൂടുതൽ നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ ഉപയോക്താവിന്റെ പ്രായം നിർണ്ണയിക്കാൻ സഹായിക്കുന്നതിനായി ആപ്പിളിന്റെ ഏജ്-റേഞ്ച് സിഗ്‌നൽ മെറ്റ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
അതേസമയം പ്ലാറ്റ്ഫോം എങ്ങനെയാണ് കൗമാരക്കാരുടെ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും അവയെ പ്രായത്തിന് അനുയോജ്യമായ ക്രമീകരണങ്ങൾക്ക് കീഴിൽ കൊണ്ടുവരുന്നതെന്നും വിശദീകരിക്കുന്ന അറിയിപ്പുകൾ യു.എസിലെ മാതാപിതാക്കൾക്ക് ഈ മാസം മുതൽ ഇൻസ്റ്റാഗ്രാമിൽ ലഭിച്ചുതുടങ്ങും.
നീക്കത്തിന് പിന്നിലെന്ത്?
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനും ഓൺലൈൻ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങൾ ലോകമെമ്പാടുമുള്ള സർക്കാരുകൾ ശക്തമാക്കുന്നതിനിടയിലാണ് ഈ നീക്കം.
ഒരു ഉപയോക്താവ് കൗമാരക്കാരനാണോ എന്ന് നിർണ്ണയിക്കുന്നത് സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇതുവരെ വെല്ലുവിളി ഉയർത്തിയിരുന്നു. മുതിർന്നവർക്കായുള്ള ഫീച്ചറുകളോ ഉള്ളടക്കങ്ങളോ ആക്സസ് ചെയ്യാൻ ഉപയോക്താക്കൾ തെറ്റായ ജനനത്തീയതി നൽകുന്നത് അടക്കമുള്ളവയാണ് കമ്പനികളെ ബുദ്ധിമുട്ടിച്ചിരുന്നത്.
എന്നാൽ എഐ സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രതിസന്ധി മറികടക്കാനൊരുങ്ങുകയാണ് മെറ്റ.
ഫേസ്ബുക്കിലേക്കും കമ്പനി സമാനമായ സാങ്കേതികവിദ്യ വ്യാപിപ്പിക്കും. ഈ വർഷം അവസാനത്തോടെ ത്രെഡ്സിലും സമാനമായ നടപടികൾ ആഗോളതലത്തിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.


