മട്ടന്നൂർ: കണ്ണൂരിൽ രണ്ടിടത്ത് വീണ്ടും സൈബർ തട്ടിപ്പ്. രണ്ട് സംഭവങ്ങളിലായി 1,42,000 രൂപയാണ് നഷ്ടമായത്.
പാപ്പിനിശ്ശേരിയിൽ ജോലി ചെയ്യുന്ന അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 46,000 രൂപ നഷ്ടമായി. മൊബൈൽ ഫോൺ അപ്ഡേറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ രണ്ട് തവണയായാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു.
തളിപ്പറമ്പ് സ്വദേശിനിയായ യുവതിക്ക് 96,000 രൂപയാണ് നഷ്ടമായത്. ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ടെലഗ്രാമിലൂടെയാണ് യുവതി കബളിക്കപ്പെട്ടത്.
ജോലി വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് യുവതി വ്യത്യസ്ത ആറ് യു.പി.ഐ ഐഡികളിലേക്ക് പണം അയക്കുകയായിരുന്നു. 800 രൂപ മുതൽ അര ലക്ഷം വരെയാണ് യുവതി അയച്ചത്. ഒരേ ദിവസം വ്യത്യസ്ത സമയങ്ങളിലായാണ് പണം കൈമാറിയത്.
'മേഘ ഇന്ത്യ ലിമിറ്റഡ്' എന്ന ടെലഗ്രാം അക്കൗണ്ടിൽ നിന്നാണ് ജോലി വാഗ്ദാനം ലഭിച്ചത്. സംഭവത്തിൽ പാർട്ട് ടൈം ജോലിക്ക് ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.


