ഡല്‍ഹി: പ്രമുഖ കുടിവെള്ള നിർമ്മാതാക്കളായ ബിസ്ലേരി ഇന്റർനാഷണലിന്റെ കുടിവെള്ള സാമ്പിളുകളില്‍ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി പ്രോസിക്യൂഷൻ നടപടികള്‍ ആരംഭിച്ചു.
ബിസ്ലേരിയുടെ പ്ലാന്റില്‍ നിന്നും ശേഖരിച്ച കുടിവെള്ള സാമ്പിളില്‍ നിശ്ചിത അളവില്‍ കൂടുതല്‍ 'ബ്രോമേറ്റ്' അടങ്ങിയിട്ടുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ അപ്പീലിനെത്തുടർന്ന് സാമ്പിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയില്‍ വീണ്ടും പരിശോധിച്ചപ്പോള്‍, അർബുദത്തിന് കാരണമാകുന്ന 'പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ' സാന്നിധ്യവും കണ്ടെത്തി. ഇതോടെയാണ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുമതി നല്‍കിയത്.
ഇതോടൊപ്പം, 'ആശാ കണ്‍ഫെക്ഷണറി' പുറത്തിറക്കുന്ന ചോക്ലേറ്റ് കുക്കികള്‍ വിപണിയില്‍ നിന്നും പിൻവലിക്കാനും ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ലേബലില്‍ രേഖപ്പെടുത്താത്ത 'കാർമോസിൻ', നിശ്ചിത പരിധിയിലും കൂടുതലുള്ള 'ടാർട്രാസിൻ', നിരോധിത നിറമായ 'സണ്‍സെറ്റ് യെല്ലോ എഫ്സിഎഫ്'എന്നിവ കുക്കികളില്‍ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടികള്‍ തുടരുകയാണ് അതോറിറ്റി.


