കണ്ണൂർ:സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി.ശശിയുടെ സഹോദരൻ മുണ്ടയോട് ശ്രേയസ്സിലെ പി. സരസൻ (54) ആണ് മരിച്ചത്. കണ്ണൂർ- കൂത്തുപറമ്പ് റോഡിലെ ആഡൂർ പാലത്തിനു സമീപത്ത് ഇന്ന് (വ്യാഴം) രാവിലെ എഴുമണിയോടെയാണ് അപകടം.
കൂത്തുപറമ്പിൽ നിന്നു കണ്ണൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് സരസൻ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേയ്ക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ സരസനെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കണ്ണൂർ, പിള്ളയാർ കോവിലിലെ ജീവനക്കാരനാണ് സരസൻ. ജോലിക്കു പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.ബസിന്റെ അമിത വേഗതയാണ് അപകടത്തിനു ഇടയാക്കിയതെന്നു നാട്ടുകാർ ആരോപിച്ചു.ഭാര്യ: അനിഷ,മകൾ: നന്ദന (വിദ്യാർത്ഥിനി).


