തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥി അഭിരാം കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയായ ഗുണ്ട ഉമറിന്റെ കാമുകി ഐശ്വര്യയും അറസ്റ്റിലായി.
കൊലപാതക ഗൂഢാലോചനയില്‍ ഐശ്വര്യക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിനിമയെ വെല്ലുന്ന ആസൂത്രണമാണ് ഈ കൊലപാതകത്തിന് പിന്നില്‍ നടന്നിട്ടുള്ളത്.
താൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വരുത്തിതീർക്കാൻ ഉമറും ഐശ്വര്യയും ചേർന്ന് വലിയ പദ്ധതിയാണ് തയ്യാറാക്കിയത്. മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോള്‍ താൻ വീട്ടിലായിരുന്നുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉമർ തന്റെ ഫോണ്‍ വീട്ടില്‍ വെച്ചാണ് കൊലപാതകത്തിന് പോയത്.
വെറുതെ വെച്ചുപോവുകയല്ല ചെയ്തത്, പകരം ഐശ്വര്യയെ ഫോണില്‍ വിളിച്ച് കണക്‌ട് ചെയ്ത ശേഷം കോള്‍ കട്ട് ചെയ്യാതെ ഹോള്‍ഡ് ചെയ്തു വെക്കുകയാണുണ്ടായത്. ഫോണ്‍ ഒരുവശത്ത് കോളില്‍ ഹോള്‍ഡ് ചെയ്തിരിക്കുമ്പോള്‍ ഉമറും പതിനേഴുകാരനും ചേർന്ന് അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ക്യാമറകളുടെ മുന്നില്‍ പോലും പെടാതെയായിരുന്നു ഉമറിന്റെ സഞ്ചാരം.


