ആലപ്പുഴ: നാലുവയസുകാരനായി വാങ്ങിയ കോലുമിഠായിയില്‍ സ്‌റ്റീല്‍ ബോള്‍. വലിയകലവൂര്‍ പന്നിശേരി സ്വദേശിയുടെ മകനു വാങ്ങിയ മിഠായിയില്‍നിന്നാണ് യന്ത്രങ്ങളുടെ ബെയറിങ്ങില്‍ ഉപയോഗിക്കുന്ന സ്‌റ്റീല്‍ ബോള്‍ ലഭിച്ചത്.
കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് വലിയകലവൂരിനു സമീപത്തെ കടയില്‍നിന്നാണ് മിഠായി വാങ്ങിയത്. കഴിക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ കുട്ടി മിഠായി രക്ഷിതാക്കളെ കാണിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ ടോള്‍ഫ്രീ നമ്പരില്‍ പരാതി നല്‍കി.
ഇതിന്റെ അടിസ്‌ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥര്‍ വീട്ടിലെത്തി മിഠായിയുടെ സാമ്പിള്‍ ശേഖരിച്ചു. കടയിലെത്തി കമ്പനിയുടെ മറ്റു മിഠായികളുടെയും വിതരണക്കാരുടെയും വിവരങ്ങളും പരിശോധിച്ചു. മധ്യപ്രദേശ് ആസ്‌ഥാനമായ മില്ലന്‍ കമ്പനിയുടെ ഉല്‍പന്നമാണിത്. സംഭവത്തില്‍ ഉപഭോക്‌തൃകോടതിയില്‍ പരാതി നല്‍കുമെന്നു രക്ഷിതാക്കള്‍ അറിയിച്ചു.


