തിരുവനന്തപുരം: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിന് കർശന ശുപാർശകളുമായി ബാലാവകാശ കമ്മീഷൻ. വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ലഹരി വസ്തുക്കളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും അമിതമായ ഉപയോഗം തടയാൻ കൃത്യമായ അച്ചടക്ക മാർഗരേഖ വേണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. കമ്മീഷൻ അംഗം ഡോ. എഫ് വിൽസൺ ആണ് ഉത്തരവിറക്കിയത്.
പ്രധാന ശുപാർശകൾ
കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിച്ച് ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണം. (ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ ഇത് അനിവാര്യമാണ്. എന്നാൽ, കുട്ടികളുടെ അന്തസിനും അഭിമാനത്തിനും പോറലേൽക്കാത്ത രീതിയിൽ വേണം ബാഗ് പരിശോധന).
സ്കൂളുകളിൽ വിദ്യാർഥികൾക്ക് മൊബൈൻ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. (പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകൾ സ്കൂൾ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം. സ്കൂൾ സമയത്ത് കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് ഗുരുതര അച്ചടക്ക ലംഘനമായി കാണണം)
കുട്ടികൾ മുടി വളർത്തുന്നതും കളർ ചെയ്യുന്നതും- (കുട്ടികൾ മുടി വളർത്തുന്നതും കളർ ചെയ്യുന്നതും മൊട്ടയടിക്കുന്നതും അവകാശമാണെങ്കിലും സ്കൂൾ അച്ചടക്കത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്ക് ഉൾപ്പടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും)
വ്യക്തിശുചിത്വം, ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം.
അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ളാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്മീഷന്റെ നിർദ്ദേശങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളുടെ റിപ്പോർട് 60 ദിവസത്തിനകം സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.


