ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപയാണ് കൂടിയത്. ഇന്നുമുതൽ വില വർധന നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2852 രൂപയായി. ചെന്നൈയിൽ സിലിണ്ടറിന് 66.50 രൂപ വർധിച്ചു. രാജ്യം ഉൽസവ സീസണിലേക്ക് കടക്കുമ്പോഴാണ് വില വർധന.
ഓഗസ്‌റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ ഉണ്ടായ രാജ്യമെങ്ങും ഹോട്ടൽ മേഖലയെ ബാധിക്കും. ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, കാറ്ററിങ് സ്‌ഥാപനങ്ങൾ, ചെറുകിട വാണിജ്യ സ്‌ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുതിച്ചുയരും. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.


