കോളർ ഐഡി നിർബന്ധമാക്കി കേന്ദ്രസർക്കാർ. നവംബർ ഒന്ന് മുതല് കോളിംഗ് നെയിം പ്രസന്റേഷൻ (സിഎൻഎപി) അവതരിപ്പിക്കണമെന്ന് ടെലികോം സർവീസ് പ്രൊവൈഡർമാർക്ക് (ടിഎസ്പി) ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിർദേശം നല്കി.ഇന്ത്യയുടെ അംഗീകൃത കോളർ ഐഡന്റിഫിക്കേഷൻ സംവിധാനമാണ് സിഎൻഎപി. ഫോണില് കോള് വരുമ്പോള് തന്നെ വ്യക്തിയുടെ പേരും ഫോണ് നമ്പറും തെളിഞ്ഞുവരുന്ന സംവിധാനമാണിത്.
4ജി, 5ജി നെറ്റ്ർവർക്ക് ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കള്ക്കും സിഎൻഎപി സംവിധാനം ഡിഫോള്ട്ടായി ലഭ്യമാകും. 2ജി, 3ജി നെറ്റ്വർക്കുകളിലും പൊതു ടെലിഫോണ് നെറ്റ്വർക്കുകളിലും ഈ സൗകര്യം നടപ്പിലാക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് ഉത്തരവില് പറയുന്നു.
ഒരു കോള് വരുമ്പോള് സ്ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ നമ്പർ കാണിക്കും. രണ്ടാമത്തെ ഭാഗത്ത് കോള് സ്വീകരിക്കുന്നയാളുടെ കോണ്ടാക്റ്റ് ലിസ്റ്റില് സേവ് ചെയ്തിട്ടുള്ള പേര് തെളിയും. നമ്പർ സേവ് ചെയ്തിട്ടില്ലെങ്കില് ആഭ്യന്തര കോള് ആണെങ്കില് ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസില് രേഖപ്പെടുത്തിയിട്ടുള്ള പേര് കാണിക്കും. അന്താരാഷ്ട്ര കോള് ആണെങ്കില് സ്ക്രീനില് 'ഇന്റർനാഷണല് കോള്' എന്ന് തെളിയും.ഓരോ ടെലികോം സേവന ദാതാവും സബ്സ്ക്രൈബർമാരുടെ പേരുകളും അവരുടെ നമ്പറുകളും ബന്ധിപ്പിക്കുന്ന ഒരു ഡാറ്റാബേസ് സജ്ജീകരിക്കണമെന്നാണ് ഉത്തരവില് പറയുന്നത്. കോള് ലഭിക്കുന്ന ഓപ്പറേറ്റർ ഈ ഡാറ്റാബേസില് നിന്ന് പേര് കണ്ടെത്തി അത് കോള് സ്വീകരിക്കുന്ന ഉപയോക്താവിന്റെ ഫോണിലേയ്ക്ക് എത്തിക്കണം.
ഓപ്പറേറ്റർമാർ 'സെക്യൂരിറ്റി-ബൈ-ഡിസൈൻ' എന്ന സമീപനം പിന്തുടരണമെന്നാണ് നിർദേശം. ഇതനുസരിച്ച് ഒരു ഇൻകമിംഗ് കോള് അവസാനിച്ചുകഴിഞ്ഞാല്, ക്വറി-റെസ്പോണ്സ് സംവിധാനത്തിലൂടെ വിളിക്കുന്നയാളുടെ പേര് നിലനിർത്താൻ പാടില്ല. അതേസമയം, 'കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ' സൗകര്യം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പേരുകള് ഫോണില് തെളിയില്ല.


