വിവാദങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുന്‍പ് പ്രഖ്യാപിക്കും. ഇതിനായി എക്സൈസ് വകുപ്പിന്റെ കരട് പൂര്‍ത്തിയായി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നത് മുന്‍പായി വീര്യം കൂടിയ വൈന്‍ വില്‍ക്കുന്നതിന് അനുമതി നല്കിയ ഉത്തരവ് സര്‍ക്കാരിനെ പൊല്ലാപ്പിലാക്കിയിരുന്നു. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് മദ്യനിരോധന സമിതികളുയും, ബാറുടമകളുമായും മുന്‍ എക്സൈസ് മന്ത്രിമാരുമായും ചര്‍ച്ചകള്‍ നടത്തിയാണ് പുതിയ മധ്യനയത്തിന്റെ അവസാനഘട്ടത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
ബാറുകളുടെ പ്രവര്‍ത്തന രീതി സമയക്രമം, ഐടി പാര്‍ക്കുകളിലെ മദ്യ വില്പന, ടൂറിസം മേഖലകളിലെ മദ്യ വില്പന എന്നിവയില്‍ അടക്കം മാറ്റങ്ങള്‍ ഉണ്ടാകും. എക്സൈസ് വകുപ്പ് തയ്യാറാക്കിയ കരട് യുഡിഎഫ് യോഗത്തിലും ചര്‍ച്ചചെയ്തതിനു ശേഷം ആയിരിക്കും പ്രഖ്യാപനം. അതേസമയം, ഹോര്‍ട്ടി വൈന്‍ വില്‍ക്കുന്നതിന് അനുമതി നല്കിയ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ച പറ്റിയെന്നാണ് എക്സൈസ് കമ്മീഷനുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയല്ല യുഡിഎഫ് എന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്നാണ് വകുപ്പ് മന്ത്രിയുടെ നിര്‍ദേശം.
മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് വില്‍പ്പനയ്ക്ക് അനുമതി നല്‍കിയത് എന്നാണ് മാറ്റിനിര്‍ത്തിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണര്‍ അനില്‍കുമാറിന്റെ വിശദീകരണം. പുതിയ എക്സൈസ് കമ്മീഷണര്‍ ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം ഫയല്‍ നീക്കം വേഗത്തില്‍ ആയത് എങ്ങനെയെന്നതില്‍ അന്വേഷണം ഉണ്ടാകും.


