തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും (IMD) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (KSDMA) അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ നാല് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.55-ന് പുറത്തിറക്കിയ പ്രത്യേക കാലാവസ്ഥാ ബുള്ളറ്റിനിലാണ് ഈ മുന്നറിയിപ്പുള്ളത്. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിൽ ഇറങ്ങുന്നതിനും രാത്രികാല മലയോര യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ദുരന്ത നിവാരണ സേനകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.


