തമിഴ്നാട്ടിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കൊടൈക്കനാൽ സെമ്പകനൂർ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകരുകയും റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. ഇതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും സർക്കാർ വിലക്കേർപ്പെടുത്തി.
ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ ഉൾപ്പെടെ തമിഴ്നാട്ടിലെ പത്ത് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


