കണ്ണൂർ: കണ്ണൂരില്‍ വാഹനാപകടത്തെ തുടർന്ന് രണ്ട് വ്ലോഗർമാർ മരണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താൻ കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തികിന് നിർദ്ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എംഎല്‍എ ആഭ്യന്തര മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടർന്നാണ് നടപടി.കണ്ണൂർ ജില്ലയിലെ വിവിധ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും നിരന്തരം പ്രതികരിക്കുകയും ചെയ്തിരുന്ന അറിയപ്പെടുന്ന വ്ലോഗർമാരായ ശിവത്തില്‍ അനൂപ്, ഷബീർ താണ എന്നിവരാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. കഴിഞ്ഞ മാസം 15-ന് മാഹി പെരുന്നാള്‍ ചിത്രീകരിക്കാൻ പോകുന്നതിനിടെ എടക്കാട് ഉർപ്പഴശ്ശി കാവിനടുത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. കാർ ഓടിച്ച മാഹി സ്വദേശി വിദു കൃഷ്ണ മദ്യലഹരിയിലായിരുന്നു.എന്നാല്‍, പൊതുവിഷയങ്ങളില്‍ ശക്തമായ നിലപാടുകളെടുത്തിരുന്ന ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും തുടർന്നുള്ള പൊലീസ് അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ഉന്നയിച്ച് ആഭ്യന്തര മന്ത്രിക്ക് എംഎല്‍എ നിവേദനം സമർപ്പിച്ചത്. മരണത്തിലെ സംശയങ്ങളും പരാതികളും വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര മന്ത്രി കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തികിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


