ഡല്‍ഹി: 2000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ചാർജ് ഈടാക്കുന്ന പുതിയ സംവിധാനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി.കേന്ദ്രസർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് കോടതി അംഗീകരിക്കാത്തത്. ഉത്തരവിനെതിരായ പൊതുതാല്പര്യ ഹർജിയില്‍ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വ്യാപാരി ഇടപാട് നിരക്കെന്ന പുതിയ സംവിധാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയില്‍ കേന്ദ്ര സർക്കാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവരോട് നാലാഴ്ചയ്ക്കകം മറുപടി നല്‍കാൻ കോടതി നിർദേശിച്ചു. വ്യാപാരിയില്‍ നിന്നും ഈടാക്കുന്ന നിരക്ക് നികുതിയോ സർക്കാർ ഈടാക്കുന്ന ഫീസോ അല്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എൻ. വെങ്കട്ടരാമൻ കോടതിയെ അറിയിച്ചു. ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍, പേയ്മെന്റ് സേവനദാതാക്കള്‍ തുടങ്ങിയവർക്കിടയിലാണ് ഈ തുക പങ്കിടുകയെന്നും കേന്ദ്രം വ്യക്തമാക്കി.


