കൊച്ചി :റെയിൽവേ വളപ്പിലോ ട്രെയിനിലോ ലഹരി ഉപയോഗിച്ച നിലയിൽ കാണപ്പെടുന്നവർക്കെതിരായ ശിക്ഷാ നടപടികൾ ശരിവച്ച് ഹൈക്കോടതി. ഇത്തരത്തിൽ കാണപ്പെടുന്നവരെ പുറത്താക്കാനും ശിക്ഷാ നടപടികൾ സ്വീകരിക്കാനും അധികാരം നൽകുന്ന 1989ലെ റെയിൽവേ ആക്റ്റിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി.
ടൂർ ആൻഡ് ട്രാവൽസ് കമ്പനി മാനേജിങ് ഡയറക്ടറായ കെ.എൻ.ശാസ്ത്രി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. ഔദ്യോഗിക ആവശ്യങ്ങൾക്കായി ചെറിയ അളവിൽ മദ്യം കഴിച്ച ശേഷം ട്രെയിനിൽ യാത്ര ചെയ്യേണ്ടി വരാറുണ്ടെന്നും ‘ലഹരി ഉപയോഗിച്ച അവസ്ഥ’ എന്നതിന് നിയമത്തിൽ കൃത്യമായ നിർവചനം ഇല്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഇത് ആർപിഎഫിന് യാത്രികരെ അനാവശ്യമായി ഉപദ്രവിക്കാനും സഞ്ചാര സ്വാതന്ത്ര്യത്തെ തടയാനും വഴിയൊരുക്കും എന്നായിരുന്നു ഹർജിയിലെ പ്രധാന ആക്ഷേപം.
എന്നാൽ റെയിൽവേ വളപ്പിലും ട്രെയിനുകളിലും പൊതുജനങ്ങളുടെയും മറ്റ് യാത്രക്കാരുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും, സുരക്ഷയും സമാധാന അന്തരീക്ഷവും ഉറപ്പാക്കാൻ ഇത്തരം വകുപ്പുകൾ അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ലഹരി ഉപയോഗിച്ചതായി സംശയം തോന്നുന്നയാളെ പ്രാഥമികമായി മാറ്റുന്നത് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ്. തുടർന്ന് ബ്രെത്ത് അനലൈസർ പരിശോധനയ്ക്കും മെഡിക്കൽ പരിശോധനയ്ക്കും ശേഷമേ തുടർ നിയമനടപടികളിലേക്ക് കടക്കൂ എന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, റെയിൽവേ ബോർഡ് പുറപ്പെടുവിച്ച സെക്യൂരിറ്റി സർക്കുലർ പ്രകാരം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ കൃത്യമായ ലക്ഷണങ്ങളും (ശരീരഭാഷ, സംസാരം, പെരുമാറ്റം മുതലായവ) പാലിക്കേണ്ട വ്യക്തമായ നടപടിക്രമങ്ങളും നിഷ്കർഷിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു നിയമം നടപ്പാക്കുന്നതിലെ ദുരുപയോഗ സാധ്യത കണക്കിലെടുത്ത് ആ നിയമവകുപ്പ് തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനാകില്ല. വ്യക്തിഗതമായി ഉപദ്രവം നേരിട്ടാൽ അതിനെതിരെ നിയമവഴി തേടാവുന്നതാണെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

