തളിപ്പറമ്പ് : മലബാറിലെ പ്രശസ്തമായ തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ഭക്തരുടെ പണവും മൊബൈല്‍ ഫോണും ക്ഷേത്രത്തിലെ കാണിക്കപ്പണവും കവർന്ന സംഭവത്തില്‍ പ്രതി പിടിയില്‍.
പയ്യന്നൂർ അന്നൂർ പുതിയങ്കാവിലെ വെള്ളോറ മഠത്തില്‍ വി.എം.വിപിൻകുമാർ(39)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ തൊഴാനെത്തിയ ജോത്സ്യന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചകേസിലാണ് ഇയാള്‍ പിടിയിലായത്. ചിറ്റാരിക്കല്‍ സ്വദേശി തവളക്കുണ്ടിലെ ആലയില്‍ പടിഞ്ഞാറേവീട്ടില്‍ സജിൻ മോഹൻ(36)ന്റെ 27,000 രൂപ വിലവരുന്ന ഫോണാണ് മോഷണം പോയത്. ഇന്നലെ രാവിലെ പത്തരക്കും 11 നും ഇടയിലാണ് മോഷണം നടന്നത്. ഷർട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈലാണ് മോഷ്ടിക്കപ്പെട്ടത്.ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ സമർത്ഥമായ നീക്കത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ പിടിയിലായത്. ക്ഷേത്രങ്ങളില്‍ അകത്തുകയറാൻ വേണ്ടി ഷർട്ട് അഴിച്ചുവെക്കുന്നവരുടെ പോക്കറ്റിലുള്ള സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്.
തൃച്ചംബരംക്ഷേത്രം, കാഞ്ഞിരങ്ങാട്, പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ഇയാള്‍ ഭക്തരുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. എസ്.ഐ മനോജ്, എ.എസ്.ഐ ഇബ്രാഹിം സീരകത്ത് എന്നിവരും എസ്.ഐ സാംസണോടൊപ്പം അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

