തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കാണുന്നതിന്റെ ഭാഗമായി സൗരോർജ വൈദ്യുതി കൂടുതല്‍ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു.
ആഡംബര വീടുകള്‍ വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം വാണിജ്യ കെട്ടിടങ്ങളിലും സൗരോർജ സംവിധാനം നിർബന്ധമാക്കാനാണ് നീക്കം.
ഇനി ആഡംബര വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും കെട്ടിട നമ്പർ ലഭിക്കണമെങ്കില്‍ സൗരോർജ പാനലുകള്‍ക്കൊപ്പം വൈദ്യുതി സംഭരണ സംവിധാനവും നിർബന്ധമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. സ്റ്റോറേജ് സംവിധാനമുണ്ടെങ്കില്‍ പകല്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലും ഉപയോഗിക്കാനാകും.
പദ്ധതിയുടെ സാധ്യതകള്‍ സംബന്ധിച്ച് കെഎസ്‌ഇബി പരിശോധന ആരംഭിച്ചിട്ടുണ്ട്. സൗരോർജവും സംഭരണ സംവിധാനവും നിർബന്ധമാക്കിയാല്‍ സംസ്ഥാനത്ത് എത്രത്തോളം വൈദ്യുതി ലാഭിക്കാനാകുമെന്നതും പരിശോധിക്കുന്നുണ്ട്.
വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഉല്‍പാദിപ്പിച്ച് സംഭരിക്കുന്ന അധിക വൈദ്യുതി രാത്രിയില്‍ ഉയർന്ന നിരക്കില്‍ വാങ്ങുന്നതും സർക്കാർ പരിഗണിക്കുന്നു. നിലവില്‍ വീടുകളില്‍നിന്ന് മിച്ച വൈദ്യുതി കുറഞ്ഞ നിരക്കിലാണ് വാങ്ങുന്നത്. പുതിയ പദ്ധതി നടപ്പായാല്‍ സൗരോർജം ഉല്‍പാദിപ്പിക്കുന്ന വീട്ടുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സൗരോർജവും സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും സർക്കാർ പരിശോധിക്കുന്നുണ്ട്. ഏത് വിസ്തീർണത്തിന് മുകളിലുള്ള കെട്ടിടങ്ങളില്‍ പദ്ധതി നിർബന്ധമാക്കണമെന്നതിലും അന്തിമ തീരുമാനം ആയിട്ടില്ല.


