തിരുവോണം ബമ്പറിന്റെ പേരില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപകമായ ഓണ്‍ലൈൻ തട്ടിപ്പ്.സെപ്റ്റംബർ 26-ന് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്ന തിരുവോണം ബമ്പർ ടിക്കറ്റുകളുടെ വ്യാജ പതിപ്പുകള്‍ നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. 500 രൂപ വിലവരുന്ന ഒറിജിനല്‍ ലോട്ടറി ടിക്കറ്റ് വെറും 149 രൂപയ്ക്കാണ് ഇവർ ഓണ്‍ലൈൻ വഴി വില്‍പന നടത്തുന്നത്.
തട്ടിപ്പുകാർ നിർമ്മിച്ച വ്യാജ ടിക്കറ്റില്‍ ഒന്നാം സമ്മാനമായ 30 കോടിക്ക് പകരം 25 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരകളില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. വിവിധ സാമൂഹിക മാധ്യമങ്ങളും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളും വഴിയാണ് തട്ടിപ്പ് സംഘം വല വിരിക്കുന്നത്.
വ്യാജ ടിക്കറ്റ് വാങ്ങി അധികം വൈകാതെ തന്നെ ലോട്ടറി അടിച്ചുവെന്ന് കാണിച്ച് ഇരകള്‍ക്ക് വ്യാജ ഫോണ്‍ കോളുകള്‍ വരുന്നു. തുടർന്ന് സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുനല്‍കാനെന്ന വ്യാജേന രജിസ്ട്രേഷൻ ഫീസായി വലിയ തുക ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. ഇത്തരത്തില്‍ നിരവധി പേർക്കാണ് പണം നഷ്ടമായിട്ടുള്ളത്.കേരള ലോട്ടറിയുടെ പേരില്‍ തമിഴ്‌നാട്ടിലും വലിയ തോതില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകൻ മാധ്യമങ്ങളോട് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴിയെത്തുന്ന സന്ദേശങ്ങള്‍ കണ്ട് ടിക്കറ്റ് എടുക്കുന്നവരാണ് പിന്നീട് കബളിപ്പിക്കപ്പെടുന്നത്.
സമ്മാനത്തുക ആവശ്യപ്പെട്ട് വീണ്ടും പണം ആവശ്യപ്പെടുമ്പോഴാണ് തട്ടിപ്പിലാണെന്ന് ഇവർ മനസ്സിലാക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഓണ്‍ലൈൻ ലോട്ടറി തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.


